22 ഒക്‌ടോബർ 2008

രാജ്യദ്രോഹം.

ചാന്ദ്രയാന്‍ ദൌത്യം വിജയത്തിലേക്ക്! ഇന്ത്യന്‍ ശാസ്ത്ര ലോകത്തിനഭിമാനിക്കാവുന്ന നേട്ടം 110 കോടി ഇന്ത്യന്‍ പൌരന്മാരും അഭിമാനം കൊള്ളുന്നുവെന്നും ആഹ്ലാദിക്കുന്നുവെന്നും രാവിലെ റേഡിയോ വാര്‍ത്ത.

ഇല്ല സുഹൃത്തേ എന്നിക്കാ വാര്‍ത്തയില്‍ അഭിമാനം തോന്നിയില്ല. ഞാന്‍ ആഹ്ലാദിച്ചില്ല.

ഒരു നേരത്തെ വിശപ്പടക്കാനും അന്തിയുറങ്ങാന്‍ ഒരു കൂരയും ഇല്ലാത്ത ജനകോടികള്‍ ഇന്ത്യന്‍ പൌരന്മാരല്ലേ? അവര്‍ ആഹ്ലാദിച്ചിരിക്കുമോ?

തെരുവിലുറങ്ങുന്ന, അന്നത്തിനായന്യന്റെ എച്ചില്‍ തിരയുന്ന ബാല്യങ്ങള്‍ ഇതറിഞ്ഞ് ആഹ്ലാദിച്ചിരിക്കുമോ?

മുന്നൂറ് കോടിയിലധികം രൂപ ചിലവിട്ട് ചന്ദ്രനില്‍ വെള്ളം തിരയുന്ന വിവരം കുടിക്കാനൊരു തുള്ളി വെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാമീണര്‍ അറിഞ്ഞിരിക്കുമോ? ആ വെള്ളം തങ്ങളുടെ ദാഹമകറ്റുമെന്നവര്‍ ആഹ്ലാദിച്ചിരിക്കുമോ?

ഉണങ്ങിക്കരിഞ്ഞ കൃഷിയിടങ്ങളെ നോക്കി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഇന്ത്യന്‍ കര്‍ഷകന്‍ ആഹ്ലാദിച്ചിരിക്കുമോ?

ഉണ്ടെങ്കില്‍, ഞാനും ആഹ്ലാദിക്കുന്നു അവരോടൊപ്പം.

ഓ.ടോ.

ചാന്ദ്രയാന്‍ ദൌത്യത്തിന് ചുക്കാന്‍ പിടിച്ചത് മലയാളികളാണെന്ന് റേഡിയോക്കാരന്‍. ഇന്ത്യാക്കാരല്ല.

21 ഒക്‌ടോബർ 2008

പക്ഷപാതി.

ഞാന്‍ ബ്ലോഗില്‍ തുടക്കം കുറിക്കുന്നു. ബ്ലോഗ് വായന തുടങ്ങിയിട്ടൊത്തിരി നാളായി. അപ്പോള്‍ മുതല്‍ മനസ്സില്‍ ചിന്തിക്കുന്നതാണ് സ്വന്തമായി ഒരു ബ്ലോഗിനെ പറ്റി. ഇന്നത് തുടങ്ങുന്നു. തല്‍ക്കാലം അജ്ഞാതനായി തുടങ്ങുന്നു. അതിനര്‍ത്ഥം ഇന്ന് ബ്ലോഗില്‍ കാണുന്ന ചില അജ്ഞാതരേപ്പോലെ ആരേയും മന:പൂര്‍വ്വം അവഹേളിക്കാനൊ വൃത്തികെട്ട ഭാഷ ഉപയോഗിക്കാനോ അല്ല. എന്റെ വീക്ഷണ കോണിലൂടെ ചില കാര്യങ്ങള്‍ പറയാനും, സ്വയം വിമര്‍ശന പരമായി നമ്മുടെ സമൂഹത്തെ നോക്കുമ്പോള്‍ എനിക്കു തോന്നുന്നത് അവതരിപ്പിക്കാനുമായി മാത്രം.