07 ഡിസംബർ 2009

കവികളുടെ അശ്ലീലം

ബ്ലോഗില്‍ വായിച്ചറിഞ്ഞിരുന്ന കുറെ കവികള്‍ തുണിയുരിഞ്ഞ് നിക്കുന്ന അശ്ലീലം..!!!!!

അച്ചടി മലയാളത്തിലുള്ളവര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന കുറെ നല്ല കവികള്‍ ബ്ലോഗില്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഇവര്‍ അച്ചടി മലയാളത്തിലുള്ളവര്‍ ഇവരോട് ചെയ്തത് തന്നെയല്ലെ പുതുതായി ബ്ലോഗില്‍ കവിത പോസ്റ്റ് ചെയ്യുന്നവരോടും ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്. ബ്ലോഗില്‍ ക്രീമിലെയര്‍ കവികളായ ഇവര്‍ പുതുതായി എഴുതുന്നവരെ വായിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ, ക്രിയാത്മകമായ മാര്‍ഗ്ഗനിദ്ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ല. നല്ലതെങ്കില്‍ നല്ലതെന്ന് പറഞ്ഞിട്ടില്ല. മോശമെങ്കില്‍ മോശമെന്ന് പറഞ്ഞിട്ടില്ല. ചില എഡിറ്റിംഗുകള്‍ ചെയ്താല്‍ നന്നാവും എന്ന് പറഞ്ഞ് കൊടുത്തിട്ടില്ല.

അനുമോദനക്കമന്റുകളില്‍ കൂമ്പടഞ്ഞ് പോകട്ടെ പുതിയ കാലത്തിന്റെ കവികള്‍ എന്ന് കണ്ട് രസിക്കുക അല്ലെങ്കില്‍ പരിഹസിച്ച് ഈ രംഗത്ത് നിന്ന് ഓടിപ്പിക്കുക ഇവിടെ ഞങ്ങള്‍ മതി കവികളായിട്ട് , നീയൊന്നും അതിനായിട്ടില്ല എന്ന ഭാവം.

ഇവരാണ് കവിതയെ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍.

തങ്ങള്‍ക് അടുപ്പമുള്ളവരെ , ബുദ്ധിജീവി നാട്യക്കാരെ മാത്രം വായിച്ച് പോകുക, പുറം ചൊറിയുക , അവരോട് ആരെങ്കിലും തിരിഞ്ഞൊന്ന് ചോദിച്ചാല്‍ സംഘം ചേര്‍ന്ന് ആക്രമിക്കുക ഇതൊക്കെയാണ് പ്രധാന മെങ്കിലും ഇവരെഴുതുന്ന നല്ല കവിതകള്‍ ബ്ലോഗ് വായനക്കാര്‍ സ്വീകരിക്കുന്നു. അവരാണിപ്പോള്‍ ചേരി തിരിഞ്ഞ് അടിക്കുന്നത്. കഷ്ടം..!!!!

വേറൊരാള്‍ക്ക് കിട്ടുന്ന പ്രശസ്തി തനിക്ക് കിട്ടുന്നില്ലല്ലോയെന്ന അസൂയകള്‍, സ്വയം ഊതി വീര്‍പ്പിച്ച നുണകളില്‍ അഭിരമിച്ച് നില്‍ക്കുമ്പോഴും കൊണ്ടാടപ്പെടുന്നില്ലല്ലോയെന്ന അപകര്‍ഷതാ ബോധം. ഒക്കെ കൊണ്ടും മലീമസമാക്കുന്നു കവിത എന്ന വലിയ നുണയെ. അതിനും അപ്പുറത്തുള്ള ജീവിതത്തേയോ സ്നേഹത്തേയോ കാണാതെ. ഞാനീ ചളിക്കുണ്ടില്‍ കിടക്കുന്നു, ഇനിയും അവിടെ ചവിട്ടിത്താഴ്ത്തിക്കൊല്ലൂയെന്നും പറഞ്ഞ് കിട്ടുന്ന തെറിക്കമന്റുകളില്‍ ആത്മരതി അനുഭവിക്കുന്നതിന്റെ ആനന്ദത്തില്‍ നിന്നും അപ്പുറം എന്ത് നേടീ ഇപ്പോഴത്തെ വിവാദങ്ങള്‍ കൊണ്ട് എന്ന് ബഹുമാന്യ കവികള്‍ സ്വയം ആലോചിക്കുക. ഓടിക്കുടുന്ന സ്വയംഭോഗക്കാരേക്കാളും ബുദ്ധിജീവി നാട്യങ്ങളേക്കാളുമപ്പുറമുള്ള കവിതയിലേക്ക് പോവുക.

അതല്ലാതെ ബ്ലോഗിലെ കവിയാണെന്ന് പറഞ്ഞാല്‍ ഓടിച്ചിട്ട് തല്ലിക്കൊല്ലുന്ന (വിമര്‍ശിച്ചിട്ടല്ല) അവസ്ഥയുണ്ടാകാതിരിക്കട്ടെ ബ്ലോഗിലെ നല്ല കവികള്‍ക്ക്.