10 നവംബർ 2008

ഈശ്വരാ... മുകുന്ദന്റെ വിലാപങ്ങള്‍?

സ. വി.എസ് കാലഹരണപ്പെട്ടു എന്ന് ശ്രീ മുകുന്ദന് ഇപ്പോള്‍ തോന്നാനുള്ള കാരണം? ഫ്രെഞ്ച് സര്‍ക്കാരുദ്യോഗവും അവരുടെ ബഹുമതികളും ഒപ്പം പുരോഗമനവാദിയെന്ന നാട്യത്തില്‍ കൌശല പൂര്‍വ്വമായ എഴുത്തിലൂടെ വായനക്കാരെ തെറ്റിധരിപ്പിച്ചയാളാണ് ശ്രീ മുകുന്ദന്‍. ന്മ്മുടെ നാടിനെ കോളനിയാക്കിയവരാണ് ഫ്രഞ്ചുകാര്‍, ബ്രിട്ടീഷു കാരുടെ അത്രക്കല്ലെങ്കിലും.
ഫ്രെഞ്ച് ഏംബസ്സിയിലിരുന്ന് “ഡല്‍ഹി” എഴുതി യുവാക്കളെ വഴിതെറ്റിച്ച, “കേശവന്റെ വിലാപങ്ങള്‍” എഴുതി സ. ഇ.എം.എസ്സിനെയും പ്രസ്ഥാനത്തെയും മോശമായി (തന്ത്രപൂര്‍വ്വം പാര്‍ട്ടിക്കാര്‍ പോലും അറിയാതെ) ചിത്രീകരി‍ച്ച് ഇ.എമിന്റെ പടം കൊടുത്ത് മാര്‍ക്കറ്റ് ചെയ്ത, ഇപ്പോള്‍ “പ്രവാസ്സ“ത്തില്‍ മുട്ടിന് മുട്ടിന്ന് ഈശ്വരനെ വിളിച്ച് (കറുത്ത ഫലിതമാണത്രെ! വയസ്സായപ്പോള്‍ ഇത്തിരി തമാശയും ഈശ്വരനെ വിളിക്കലുമാവാമെന്ന് കൈരളിയില്‍ കണ്ട അഭിമുഖത്തില്‍) നല്ല പോലെ മാര്‍ക്കറ്റ് ചെയ്തതിന്റെ (അതിലുമുണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള കൊട്ടല്) സന്തോഷത്തിലായിരിക്കും ശ്രീ മുകുന്ദന്‍. റിട്ടയര്‍ ചെയ്തപ്പോള്‍ കയറിക്കിടക്കാനൊരിടം കൊടുത്തതും പാര്‍ട്ടിക്കാര്‍! അതിന്റെ ഉപകാരസ്മരണയിലായിരിക്കും പാര്‍ട്ടിയിലുണ്ടെങ്കിലും പടിക്കു പുറത്തു നില്‍ക്കുന്ന സ. വി.എസ്സിനെ കാലഹരണപ്പെട്ട പുണ്യവാളനെന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചത്.
ഈ എണ്‍പതാം വയസ്സിലും ചെറുപ്പം നിറഞ്ഞ മനസ്സുമായി അടിസ്ഥാന ജനത്ക്കു വേണ്ടി പോരാടുന്നയാളാണ് വി.എസ്. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യം കൊടുത്തിരുന്നെങ്കില്‍ കേരളത്തിലെ പല മാഫിയകളും ഇന്ന് ജയിലിനകത്തായേനെ. എന്തിനും ഏതിനും കുറുക്കുവഴികള്‍ തേടുന്ന മലയാളിക്ക് അദ്ദേഹം പരിഹാസ്യനായിരിക്കാം എന്നാല്‍ നേരും നെറിയും ഉള്ളവര്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെയാണ് എന്നും അധികാരത്തിന്റെ തണല്‍ ചേര്‍ന്നു നടക്കുന്ന മുകുന്ദന് അചുതാനന്ദന്‍ കാലഹരണപ്പെട്ടു എന്ന് തോന്നുന്നത്. സ.പിണറായിക്ക് സ്തുതിപാടി നടക്കുന്നത് അക്കാദമികളും അവാര്‍ഡുകളും സ്വപ്നം കണ്ടുതന്നെയാണ്. ഇവരൊക്കെ പ്ഞ്ചനക്ഷത്രക്കുളിരിലിരുന്ന് വിപ്ലവം പറയുന്നവരാണ്. വി എസ്സിനേപ്പോലെയാവാന്‍ ഇവൊര്‍ക്കൊന്നും ഏഴായുസ്സ് കിട്ടിയാലും പറ്റില്ല.

ഏതായാലും മുകുന്ദന്റെ പുസ്തകങ്ങളെ നന്നായി മാര്‍ക്കറ്റ് ചെയ്യുന്ന ഡി.സി. രവിമുതലാളിയോടുള്ള കൂറും ഇതിലുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാവും‍ അത്ര പ്രശസ്തമല്ലാത്ത ഡി.സിയുടെ “പച്ചക്കുതിര” ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ ജനപ്രിയനായ വി.എസിനെ തന്നെ പിടിച്ച് വിവാദമുണ്ടാക്കിയത്. ഒപ്പം പിണറായിയെ സന്തോഷിപ്പിക്കുക എന്ന ഒരുവെടിക്ക് രണ്ടുപക്ഷി എന്ന സ്ഥിരം തന്ത്രവും.

22 ഒക്‌ടോബർ 2008

രാജ്യദ്രോഹം.

ചാന്ദ്രയാന്‍ ദൌത്യം വിജയത്തിലേക്ക്! ഇന്ത്യന്‍ ശാസ്ത്ര ലോകത്തിനഭിമാനിക്കാവുന്ന നേട്ടം 110 കോടി ഇന്ത്യന്‍ പൌരന്മാരും അഭിമാനം കൊള്ളുന്നുവെന്നും ആഹ്ലാദിക്കുന്നുവെന്നും രാവിലെ റേഡിയോ വാര്‍ത്ത.

ഇല്ല സുഹൃത്തേ എന്നിക്കാ വാര്‍ത്തയില്‍ അഭിമാനം തോന്നിയില്ല. ഞാന്‍ ആഹ്ലാദിച്ചില്ല.

ഒരു നേരത്തെ വിശപ്പടക്കാനും അന്തിയുറങ്ങാന്‍ ഒരു കൂരയും ഇല്ലാത്ത ജനകോടികള്‍ ഇന്ത്യന്‍ പൌരന്മാരല്ലേ? അവര്‍ ആഹ്ലാദിച്ചിരിക്കുമോ?

തെരുവിലുറങ്ങുന്ന, അന്നത്തിനായന്യന്റെ എച്ചില്‍ തിരയുന്ന ബാല്യങ്ങള്‍ ഇതറിഞ്ഞ് ആഹ്ലാദിച്ചിരിക്കുമോ?

മുന്നൂറ് കോടിയിലധികം രൂപ ചിലവിട്ട് ചന്ദ്രനില്‍ വെള്ളം തിരയുന്ന വിവരം കുടിക്കാനൊരു തുള്ളി വെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാമീണര്‍ അറിഞ്ഞിരിക്കുമോ? ആ വെള്ളം തങ്ങളുടെ ദാഹമകറ്റുമെന്നവര്‍ ആഹ്ലാദിച്ചിരിക്കുമോ?

ഉണങ്ങിക്കരിഞ്ഞ കൃഷിയിടങ്ങളെ നോക്കി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഇന്ത്യന്‍ കര്‍ഷകന്‍ ആഹ്ലാദിച്ചിരിക്കുമോ?

ഉണ്ടെങ്കില്‍, ഞാനും ആഹ്ലാദിക്കുന്നു അവരോടൊപ്പം.

ഓ.ടോ.

ചാന്ദ്രയാന്‍ ദൌത്യത്തിന് ചുക്കാന്‍ പിടിച്ചത് മലയാളികളാണെന്ന് റേഡിയോക്കാരന്‍. ഇന്ത്യാക്കാരല്ല.

21 ഒക്‌ടോബർ 2008

പക്ഷപാതി.

ഞാന്‍ ബ്ലോഗില്‍ തുടക്കം കുറിക്കുന്നു. ബ്ലോഗ് വായന തുടങ്ങിയിട്ടൊത്തിരി നാളായി. അപ്പോള്‍ മുതല്‍ മനസ്സില്‍ ചിന്തിക്കുന്നതാണ് സ്വന്തമായി ഒരു ബ്ലോഗിനെ പറ്റി. ഇന്നത് തുടങ്ങുന്നു. തല്‍ക്കാലം അജ്ഞാതനായി തുടങ്ങുന്നു. അതിനര്‍ത്ഥം ഇന്ന് ബ്ലോഗില്‍ കാണുന്ന ചില അജ്ഞാതരേപ്പോലെ ആരേയും മന:പൂര്‍വ്വം അവഹേളിക്കാനൊ വൃത്തികെട്ട ഭാഷ ഉപയോഗിക്കാനോ അല്ല. എന്റെ വീക്ഷണ കോണിലൂടെ ചില കാര്യങ്ങള്‍ പറയാനും, സ്വയം വിമര്‍ശന പരമായി നമ്മുടെ സമൂഹത്തെ നോക്കുമ്പോള്‍ എനിക്കു തോന്നുന്നത് അവതരിപ്പിക്കാനുമായി മാത്രം.